Kerala

ഏക സിവിൽ കോഡ്: സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്ന് രമേശ് ചെന്നിത്തല

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്നാണ് വിമർശനം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ചെന്നിത്തല, കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് പറഞ്ഞു.

സിപിഐഎമ്മിൻ്റേത് രാഷ്ട്രീയ അജണ്ട. ഇഎംഎസിന്റെ നിലപാടിനെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറാണോ? തെരത്തെടുപ്പ് അടുത്തപ്പോൾ വർഗീയ ധ്രുവീകരണത്തിനാണ് പാർട്ടി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മോദിക്കും പിണറായിക്കും ഒരേ സ്വരമാണെന്നും സിപിഐഎമ്മിൻ്റേത് ഗൂഡ ഉദ്ദേശമാണെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവിൽ കോഡ് വേണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉന്മൂലന രാഷ്ട്രീയത്തിലാണ് സിപിഐഎം വിശ്വസിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ വധശ്രമ വെളിപ്പെടുത്തലിനോട് പ്രതികരിക്കവെയാണ് ചെന്നിത്തലയുടെ പ്രതികരണം. കെ സുധാകരൻ പറയുന്നതിൽ കഴമ്പുണ്ട്. ആക്രമണങ്ങളെ അതിജീവിച്ച വ്യക്തിയാണ് സുധാകരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തലസ്ഥാനമാറ്റ വിവാദത്തിൽ ഹൈബി ഈഡൻ്റെ നടപടി ശരിയായില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു. ഹൈബിയുടേത് പക്വതയില്ലാത്ത തീരുമാനമാണ്. വ്യക്തിപരമായി ഹൈബിയുമായി സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.