India Kerala

കാസർകോട് ഭൂഗർഭജലത്തിലുണ്ടായ കുറവ് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കാസർകോട് ജില്ലയില്‍ ഭൂഗർഭജലത്തിലുണ്ടായ കുറവ് പരിഹരിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജില്ലക്കായി ജലനയം രൂപീകരിച്ചിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായി പ്രവര്‍‌ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയുടെ ഭൂഗര്‍ഭ ജലത്തില്‍ ഗണ്യമായ കുറവ് കണ്ടെത്തിയതോടെയാണ് ജില്ലയില്‍ ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുക. കേന്ദ്ര ജലശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര പ്രതിനിധി ജില്ലയില്‍‌ സന്ദര്‍ശനം നടത്തിയിരുന്നു. ജലനയം രൂപീകരിക്കുക എന്നതാണ് പ്രധാനമായും ഭൂഗര്‍ഭ ജലം വര്‍ധിപ്പിക്കാനായി ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും.

ജലനയത്തിന്‍റെ ഭാഗമായി കാര്‍ഷിക ജലസേചനത്തിനടക്കം നവീനവും ശാസ്ത്രീയവുമായ രീതി ഏര്‍പ്പെടുത്തും. ജലനയം കൂടാതെ ജലശക്തി അഭിയാന്‍റെ ഭാഗമായി നടപ്പാക്കുന്നതിനുള്ള മറ്റ് സമഗ്ര പദ്ധതികള്‍ കൂടി വരും ദിവസങ്ങളില്‍ ആസൂത്രണം ചെയ്യും.