India Kerala

യു.എന്‍.എ സാമ്പത്തിക ക്രമക്കേട്; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

യു.എന്‍.എ സാമ്പത്തിക ക്രമക്കേട് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി. നിശ്ചിത സമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നൽകിയ ഹരജിയിൽ ആണ് കോടതിയുടെ ഇടപെടൽ.

യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ യു.എൻ.എ ദേശീയ പ്രസിഡന്റ് എം. ജാസ്‌മിൻ ഷാ, ഷോബി ജോസഫ്, നിതിൻ മോഹൻ, പി.ഡി ജിത്തു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘടനയുടെ ശക്തി തകർക്കാൻ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസാണിത്. സംഘടനയുടെ ഫണ്ടിൽ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ട്.

യു.എൻ.എയുടെ ഓഡിറ്റ് റിപ്പോർട്ടിലും ഇത്തരമൊരു ക്രമക്കേട് സംബന്ധിച്ച് പരാമർശമില്ല. ചില തൽപര കക്ഷികളുടെ രാഷ്ട്രീയ ഇടപെടലുകളാണ് കേസിന് പിന്നിലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍ ദേശീയ പ്രസിഡന്റടക്കമുള്ള പ്രതികള്‍ ഒളിവിലാണെന്ന് ക്രൈംബാഞ്ച് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പ്രത്യേക സംഘം അന്വോഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബാഞ്ച് എ.ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.