പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നുണ്ടെന്ന് ഉമാ തോമസ് എംഎൽഎ. ഇതിലൂടെ നാടിന് കൊടുക്കുന്നത് തെറ്റായ മെസേജാണ്. പൊലീസ് സ്റ്റേഷനിൽ പോലും എന്തും ആവാം, ആര് പ്രവർത്തിച്ചാലും സഖാവ് എന്ന രീതിയിൽ പ്രിവിലേജ് കിട്ടുന്നു എന്ന മെസേജ് ആണ് കൊടുക്കുന്നത്.(uma thomas against actor vinayakan)
സമാനമായിട്ടുള്ള ഒരുപാട് കേസുകൾ നടക്കുന്നുണ്ട്. കേസ് എടുക്കാനും എഫ്‌ഐആർ ചുമത്താനും പൊലീസ് ഭയക്കുന്നു. വിവേചനം നടക്കുന്നുണ്ടോ മുകളിൽ നിന്ന് ഉത്തരവില്ലാതെ അത് സംഭവിക്കുമോ എന്ന് അറിയണം. കേരള പൊലീസിനെ കുറിച്ച് നല്ല അഭിപ്രായമാണ്. ഉത്തരവാദിത്തപ്പെട്ടവർക്ക് നടപടിയെടുക്കാൻ സാധിക്കുന്നില്ല. പൊലീസുകാരുടെ കൈകളിൽ കൂച്ചുവിലങ്ങിട്ടിരിക്കുന്ന അവസ്ഥയാനിന്നും ഉമാ തോമസ് വ്യക്തമാക്കി.
തെറ്റ് ചെയ്യുന്നത് വിഐപി അല്ല ആരാണെങ്കിലും അവൻ ശിക്ഷിക്കപ്പെടണം.വഴിയരികിൽ സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്യുന്ന യുവാവിനെതിരെ കേസെടുക്കുന്ന പൊലീസ്, പൊലീസ്സ്റ്റേഷനിൽ ഒരാൾ മദ്യപിച്ച് കടന്നുവന്ന് പൊലീസിനോട് കയർത്ത് അസഭ്യം പറഞ്ഞ് കൃത്യനിർവഹണത്തെ തടസപ്പെടുത്തി മടങ്ങുമ്പോൾ അത് ജാമ്യമില്ലാ വകുപ്പാണോ.
സാധാരണക്കാർക്ക് നീതി ഒന്ന് സെലിബ്രിറ്റികൾക്ക് നീതി മറ്റൊന്ന് അത് ശരിയല്ല. ഇതിന് മുൻപ് പല തവണ വിനായകൻ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. അത് അദ്ദേഹത്തിന്റെ ഭാര്യക്ക് അറിയാം. ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോൾ അതിനെതിരെ സംസാരിച്ചതിന് പോലും കേസെടുത്തില്ലെന്നും ഉമാ തൊമസ് പറഞ്ഞു.
അതേസമയം വിനായകനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഉമാ തോമസ് രംഗത്തെത്തിയിരുന്നു. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.
ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’ അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നും ഉമാ തോമസ് ഫേസ്ബുക്കിൽ കുറിക്കുന്നു. അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ എന്നും ഉമാ തോമസ് പറഞ്ഞു.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം.