Kerala

ഉടുമ്പൻചോലയിൽ റോഡ് നിർമാണത്തിന്‍റെ മറവിൽ വനംകൊള്ള; റവന്യൂ റിപ്പോർട്ട് പുറത്ത്

ടുക്കി ഉടുമ്പൻചോലയിൽ റോഡ് നിർമാണത്തിന്‍റെ മറവിൽ വനംകൊള്ളയാണ് നടന്നതെന്ന് തെളിയിക്കുന്ന റവന്യൂ റിപ്പോർട്ട് പുറത്ത്. ഉടുമ്പൻചോല തഹസിൽദാർ ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 10 മരങ്ങൾ മാത്രമേ മുറിക്കുവാൻ പാടുള്ളൂ. എന്നാൽ ഇവിടെ നിന്നും മുറിച്ച് കടത്തിയത് അൻപതിലധികം മരങ്ങളാണ്. അനുമതിയില്ലാതെയാണ് മരങ്ങൾ മുറിച്ചതെന്നും റിപ്പോർട്ട്. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഉടുമ്പൻചോല ചിത്തിരപുരം റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങളുടെ കണക്ക് ലഭ്യമാക്കുവാൻ ജില്ലാ കലക്ടർ തഹസിൽദാരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കഴിഞ്ഞ മാസം 28ന് ഉടുമ്പൻചോല തഹസിൽദാർ നേരിട്ട് നടത്തിയ പരിശോധനയിൽ 10 മരങ്ങൾ മുറിച്ചു മാറ്റണമെന്ന് കണ്ടെത്തി. അപകടാവസ്ഥയിലുള്ള ആറ് മരങ്ങളും റോഡിന് നടുവിൽ നിൽക്കുന്ന നാല് മരങ്ങളും മുറിക്കാനായിരുന്നു നിർദേശം. കരിവെട്ടി, വെള്ളിലാവ്, ഞാവൽ, ചന്ദനവയമ്പ്, ചേല, കുളമാവ്, പാല എന്നിവയുൾപ്പെടെയുള്ള മരങ്ങളായിരുന്നു പട്ടികയിൽ.

എന്നാൽ അപകടാവസ്ഥയിലായ മരങ്ങൾ എന്ന വ്യാജേനെ വ്യാപകമായി മരം മുറിയ്ക്കൽ നടക്കുകയായിരുന്നു. പട്ടികയിൽ ഉൾപ്പെടാത്ത ഈട്ടിയടക്കമുള്ള മരങ്ങളും മുറിച്ചതായി വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലുമായി നിരവധി മറ്റ് മരങ്ങൾ നിൽക്കുന്നതിനാൽ റിപ്പോർട്ടിൽ പരാമർശിക്കുന്ന മരങ്ങൾ മുറിയ്ക്കുമ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാവണമെന്നും തഹസിൽദാർ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ഇവയെല്ലാം അവഗണിച്ചാണ് മരംമുറി നടന്നിരിക്കുന്നത്.