സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ.തെരഞ്ഞെടുപ്പ് നടന്ന 27 വാർഡിൽ 15 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫിൽ നിന്ന് 4 വാർഡുകളും യു.ഡി.എഫ് പിടിച്ചെടുത്തു.
തിരുവനന്തപുരം ജില്ലയിലാണ് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയേറ്റത്. ഉപതെരഞ്ഞെടുപ്പ് നടന്ന 8 വാർഡുകളിൽ 5 ഇടത്തും യുഡിഎഫ് വിജയിച്ചു. ഇതിൽ തന്നെ 2 വാർഡുകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചടുത്തതാണ്. എൽ.ഡി.എഫിന്റെ ഒരു വാർഡ് ബി.ജെ.പിയും പിടിച്ചെടുത്തു. അതേസമയം തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ മണമ്പൂർ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി എസ്. ഷാജഹാൻ വിജയിച്ചു.എല്‍.ഡി.എഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കൊല്ലത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 2 സീറ്റിൽ എൽ.ഡി.എഫും യു.ഡി.എഫും ഓരോ സീറ്റ് നേടി. ഇടുക്കി അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി വാർഡ് സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സിറ്റിംഗ് സീറ്റുകളും യു.ഡി.എഫ് നിലനിർത്തി. പാലക്കാട് 6 വാർഡുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 4 ഇടത്ത് എൽ.ഡി.എഫ് വിജയിച്ചപ്പോൾ കോൺഗ്രസിന് ഒരു വാർഡ് നഷ്ടമായി. കോഴിക്കോട് മൂന്നിടത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 2 ഇടത്ത് എൽ.ഡി.എഫും 1 ഇടത്ത് യു.ഡി.എഫും വിജയിച്ചു. കഴിഞ്ഞ തവണ 27 സീറ്റിൽ 14 എണ്ണം എൽ.ഡി.എഫിനും 11 യു.ഡി.എഫിനും 2 സ്വതന്ത്രർക്കുമായിരുന്നു ലഭിച്ചിരുന്നത്.