India Kerala

യു.ഡി.എഫിന്റെ മുന്നറിയിപ്പ്; കേരള കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍

കേരള കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍. ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.ഡി.എഫ് നേതൃത്വം കര്‍ശന നിര്‍ദ്ദേശമാണ് ഇരു വിഭാഗത്തിനും നല്കിയിരിക്കുന്നത്. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു പ്രതികരണവും നടത്തില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു.

പാലായില്‍ തര്‍ക്കം ഉണ്ടായിരുന്നെങ്കിലും യു.ഡി.എഫ് ഇടപെട്ട് ഇത് പരിഹരിച്ചു എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം ജോസഫ് വിഭാഗം പ്രകോപിപ്പിച്ചത് യു.ഡി.എഫ് നേതാക്കളെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് അടുത്ത തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ പരസ്യ പ്രസ്താവനകളിലേക്ക് കടക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ജോസഫ് വിഭാഗത്തിനും ജോസ് കെ. മാണി വിഭാഗത്തിനും നല്കിയത്. ഈ പശ്ചാത്തലത്തില്‍ ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു പ്രതികരണവും നടത്തില്ലെന്ന് ഇരു വിഭാഗം നേതാക്കളും വ്യക്തമാക്കി.

എന്ന‍ാല്‍ പാര്‍ട്ടിയിലെ തര്‍ക്കം അതേപടി നിലനില്‍ക്കുന്നുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കത്തില്‍ അതുകൊണ്ട് തന്നെ രഹസ്യ നീക്കങ്ങളാണ് ഇരുവിഭാഗവും നടത്തുന്നത്.