India Kerala

ഇടുക്കി ഭൂവിനിയോഗം; സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്

ഇടുക്കിയിൽ ഭൂമി വിനിയോഗം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ സംഘടിപ്പിക്കാനാണ് തീരുമാനം. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള പുതിയ സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം.

ഇടുക്കിയിലെ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ സമരം ശക്‌തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് 22നാണ് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകാരം 15 സെന്റിന് മുകളിലുള്ള സ്ഥലങ്ങളിലെ നിർമാണങ്ങളും 1500 ചതുരശ്രമീറ്ററിന് മുകളിലെ കെട്ടിടങ്ങളും സ്ഥലവും ഉൾപ്പെടെ സർക്കാരിലേക്ക് കണ്ടുകെട്ടാനാകും. ഇടുക്കിയ്ക്ക് മാത്രമാണ് ഉത്തരവ് ബാധകമെന്നും കേരളത്തിലെ മറ്റു ജില്ലകൾക്ക് എന്തുകൊണ്ട് സർക്കാർ ഉത്തരവ് ബാധകമല്ലെന്നുമാണ് പ്രതിപക്ഷ ആരോപണം.

കെട്ടിട നിർമാണ അനുമതി ലഭിക്കാൻ ഇനി മുതൽ റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാണ്. എൽ.ഡി.എഫ് സർക്കാരിന്റെ ഇടുക്കിയോടുള്ള അവഗണന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. ഹൈറേഞ്ച് കർഷക്കെതിരെ എക്കാലവും വിരുദ്ധ നിലപാട സ്വീകരിക്കുന്ന ‘വൺ എർത്ത് വൺ ലൈഫ്’ എന്ന പരിസ്ഥിതി സംഘടനയക്ക് വഴങ്ങിയാണ് സർകാറിന്റെ പുതിയ ഉത്തരവെന്നുമാണ് യു.ഡി.എഫ് ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ ആരോപണം.