Kerala

കെ റെയിൽ പദ്ധതി വേണ്ടെന്ന് യു.ഡി.എഫ് ഉപസമിതി; പദ്ധതി അപ്രായോ​ഗികമെന്ന് വിലയിരുത്തൽ

കെ റെയിൽ പദ്ധതി അപ്രായോ​ഗികമെന്ന് യു.ഡി.എഫ് ഉപസമിതി. അശാസ്ത്രീയമായ കെ റെയിൽ അതിവേഗ റെയിൽ പാത പരിസ്ഥിതിക്ക് വൻ ദോഷം വരുത്തുമെന്നും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എം കെ മുനീർ സമിതി യുഡിഫ് നേതൃത്വത്തിനു റിപ്പോർട്ട്‌ നൽകി. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്യും. കേരളത്തെ രണ്ടായി വേർതിരിക്കുന്ന പദ്ധതിയാണിതെന്നും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപസമിതി റിപ്പോർട്ടിൽ വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം അന്തിമതീരുമാനമെടുക്കും.

സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനിൽക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോർട്ട് വരുന്നത്. കെ റെയിൽ വരുന്നതോടെ ഇരുപതിനായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. ഒരു കാലത്തും ലാഭത്തിലെത്താത്ത സംസ്ഥാനത്തിന് കെ റെയിൽ ഒരു വൻ ബാധ്യതയും കേരളത്തിൻറെ പരിസ്ഥിതിയെ തകർക്കുന്നതുമായാരു പദ്ധതിയാണെന്നാണ് യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. 63000 കോടി രൂപയാണ് കെ റെയിൽ പദ്ധതിയുടെ ചെലവെന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കിൽ ചെലവ് ഒന്നേകാൽ ലക്ഷം കോടിയിലേറെ വരും. രാജ്യത്തെ റെയിൽവേ പദ്ധതികളുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക അനുമതി വേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പാരിസ്ഥിതിക പഠനത്തിനായി സംസ്ഥാന സർക്കാർ അടുത്തിടെ ഏജൻസിയെ വെച്ചിരുന്നു പാരിസ്ഥിതിക പഠനം തന്നെ വേണ്ടെന്ന് കേന്ദ്ര സർക്കാർ ഗ്രീൻ ട്രിബ്യൂണലിൽ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ.

കെ റെയിൽ വരുന്നതോടെ സംസ്ഥാനത്തിന്റെ തെക്ക് വടക്ക് മേഖലകളെ രണ്ടായി വിഭജിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് നദികളുടെ ഒഴുക്കിന് തടയിടും. വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം റിപ്പോർട്ട് അതേ പടി അംഗീകരിച്ച് എതിർക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുത്താൽ വികസന വിരോധികൾ എന്ന വിമർശനം ഉയരുമോ എന്ന ആലോചന മുന്നണി നേതൃത്വത്തിനുണ്ട്.