നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ലോകോത്തരമാക്കുമെന്നാണ് വാഗ്ദാനം.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും. ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും. കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില ഏര്‍പ്പെടുത്തും.
അനാഥരായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. വീട്ടമ്മമാരായ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ട് വയസ് ഇളവ് നല്‍കും. പിന്‍വാതില്‍ നിയമനങ്ങള്‍ പുനഃപരിശോധിക്കും. തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ നല്‍കും.
എല്ലാ വെള്ള കാർഡുകാർക്കും അഞ്ച് കിലോ അരി സൗജന്യമായി നൽകും. ലൈഫ് പദ്ധതിയുടെ അപാകത പരിഹരിച്ച് പുതിയ ഭവന പദ്ധതി കൊണ്ടുവരും. കാരുണ്യ ആരോഗ്യ പദ്ധതി പുനഃസ്ഥാപിക്കും. മിനിമം കൂലി 700 രൂപയക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
അഞ്ചു ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ പ്രളയത്തിന് മുമ്പുള്ള രണ്ടു ലക്ഷം വരെയുള്ള കടം എഴുതി തള്ളും. ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി നല്‍കും.
എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി. കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്. ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും നല്‍കും. സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും.
കൺവീനർ ബെന്നി ബെഹനാനാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.