India Kerala

ഗവർണ്ണർക്കെതിരെ പ്രതിഷേധവും പ്രമേയവുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് തീരുമാനം

ഗവർണ്ണർക്കെതിരെയുളള പ്രതിഷേധവും പ്രമേയവുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് തീരുമാനം. നിയമസഭയില്‍ നയപ്രഖ്യാപന വേളയിൽ തന്നെ ഗവർണ്ണർക്കെതിരെ പ്രതിപക്ഷം എതിർപ്പുയർത്തും. ഗവർണ്ണർക്കെതിരായ പ്രമേയം അവതരിപ്പിക്കാൻ ചട്ടം അനുവദിക്കുന്നുണ്ടെന്ന് സ്പീക്കറും വ്യക്തമാക്കി.

പൌരത്വ നിയമ വിഷയത്തിൽ ഇടതുമുന്നണി നേടിയ മേൽക്കൈ മറികടക്കാൻ വേണ്ടിയാണ് ഗവർണ്ണർക്കെതിരായ എതിർപ്പ് ശക്തമാക്കാനുളള യു.ഡി.എഫ് തീരുമാനം. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ നിയമസഭയിൽ എത്തുമ്പോൾ തന്നെ പ്രതിഷേധം നടത്താനാണ് മുന്നണി നേതൃത്വത്തിന്റെ ആലോചന. നാളെ രാവിലെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഗവർണ്ണറോട് സർക്കാരും എൽ.ഡി.എഫും മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആരോപണവും യു.ഡി.എഫ് ഇതിനകം ഉയർത്തിക്കഴിഞ്ഞു.

ഗവർണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം തളളിക്കൊണ്ടുളള സർക്കാർ നിലപാടും രാഷ്ട്രീയ ആയുധമാക്കാനാണ് യു.ഡി.എഫ് നീക്കം. അവതരണാനുമതി നിഷേധിച്ചാൽ നിയമ നടപടികളികളിലേക്ക് പോകാനാണ് മുന്നണി തീരുമാനം.അതേ സമയം പ്രമേയ അവതരണത്തിന് ചട്ടം അനുവദിക്കുന്നുണ്ടെന്ന് സ്പീക്കർ പി,ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.