ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ തുടരുന്നു. ഇന്ന് മുസ്ലിം ലീഗ് നേതാക്കളുമായി യുഡിഎഫ് നേതൃത്വം കൂടിക്കാഴ്ച നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി അധികമായി ആവശ്യപ്പെടാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് തീരുമാനം. വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് ലീഗിന് നൽകണമെന്നാണ് ആവശ്യം. രാഹുൽ ഗാന്ധി മത്സരിക്കുന്നെങ്കിൽ രണ്ടു സീറ്റിൽ തൃപ്തരാവും.
കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. കോട്ടയം സീറ്റാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുസ്ലിം ലീഗുമായുള്ള ചർച്ചയും ഇന്നുകൊണ്ട് പൂർത്തീകരിക്കാൻ കഴിയില്ല എന്നാണ് വിലയിരുത്തൽ.
ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സി.പി.ഐ.എം തയ്യാറെടുക്കുകയാണ്. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ സീറ്റ് ആവശ്യപ്പെടും. തമിഴ്നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി നിലപാടെടുത്തു.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ചുരു മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിൽ പാൽഗർ, ബിന്തോരി മണ്ഡലങ്ങൾ ആവശ്യപ്പെടും. കോയമ്പത്തൂർ സീറ്റ് കമലഹാസന്റെ പാർട്ടിക്ക് സീറ്റ് വിട്ട് നൽകാനാവില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 71 സീറ്റിൽ മത്സരിച്ചപ്പോൾ മൂന്നിടത്താണ് സി.പി.ഐ.എമ്മിന് ജയിക്കാനായത്.