India Kerala

പാലാ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; യു.ഡി.എഫ് അടിയന്തരയോഗം ഇന്ന്

പാലാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫിന്‍റെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് എടുക്കുന്ന നിലപാട് നിർണായകമാകും.

കെ.എം മാണി അഞ്ച് പതിറ്റാണ്ട് കയ്യിൽ വെച്ച മണ്ഡലം. മാണിയുടെ മരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം അല്ലാതെ യു.ഡി.എഫിന് മറ്റൊന്നും ചിന്തിക്കാനാവില്ല. എന്നാൽ മാണിയുടെ പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളാണ് യു.ഡി.എഫിന് ഇപ്പോൾ തലവേദനയാകുന്നത്. രണ്ട് പാർട്ടികളെപ്പോലെ ഭിന്നിച്ചു നിൽക്കുന്ന ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളെ പരസ്പര ധാരണ എത്തിക്കുക എന്നതാണ് യു,ഡി,എഫിന്റെ പ്രധാന വെല്ലുവിളി. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്ത് കന്‍റോൺമെൻറ് ഹൗസിൽ ചേരുന്ന യു.ഡി.എഫ് യോഗം നേരിടുന്ന പ്രധാന പ്രതിസന്ധിയും കേരള കോൺഗ്രസിലെ തർക്കം തന്നെ.

സ്ഥാനാർഥിയെ നിർണയിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണം, അത് കഴിയുന്നതുവരെ എങ്കിലും ആഭ്യന്തര തർക്കങ്ങളും മരവിപ്പിച്ച് നിർത്തണം- യു.ഡി.എഫിന് മുന്നിലെ വെല്ലുവിളി ഇതാണ്. ജോസഫ് വിഭാഗത്തിന് പാലാ സീറ്റിന് അവകാശവാദം ഇല്ലെങ്കിലും സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് ചെയർമാൻ ആയ പി.ജെ ജോസഫ് ആയിരിക്കും എന്നതാണ് അവരുടെ പ്രധാന വാദം. മാണിയുടെ സീറ്റിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന് മാത്രമേ അവകാശവാദം എന്നുള്ള നിലപാടിൽ ജോസ് കെ മാണി വിഭാഗവും നിലനിൽക്കുന്നു.

വലിയ വിജയം നൽകിയ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേരിടുന്ന പ്രധാന വെല്ലുവിളിയും രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോര് തന്നെ. കോൺഗ്രസിലെയും ലീഗിലെയും മുതിർന്ന നേതാക്കളെ ഉപയോഗപ്പെടുത്തി ഇരു വിഭാഗങ്ങളും തമ്മിൽ ധാരണയിലെത്തിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്.