Kerala

പാലാരിവട്ടം തിരിച്ചടിച്ചു, ‘അഴിമതിക്കെതിരെ ഒരു വോട്ട്’ ഒഴിവാക്കി യു.ഡി.എഫ് പ്രകടനപത്രിക

‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം ഒഴിവാക്കി യു.ഡി.എഫ് പ്രകടന പത്രിക. ‘പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ എന്ന പുതിയ മുദ്രാവാക്യമാണ് യു.ഡി.എഫ്. പ്രകടന പത്രികയില്‍ ഉയർത്തി പിടിക്കുന്നത്. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പത്രിക പുറത്തിറക്കിയത്.

തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുതാര്യവും സുസ്ഥിര വികസനവും മുന്നില്‍ കണ്ടുള്ള സത്യസന്ധമായ ഭരണമാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനമെന്നും ചെന്നിത്തല വിശദമാക്കി.

കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ വീർപ്പുമുട്ടിച്ചുവെന്ന് പ്രകടനപത്രിക കുറ്റപ്പെടുത്തുന്നുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ സ്ഥിതിക്കു മാറ്റമുണ്ടാകുമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

അതേസമയം യു.ഡി.എഫിന്‍റെ പ്രധാന മുദ്രാവാക്യമായ ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം പ്രകടനപത്രികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞും ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയുമടക്കം അറസ്റ്റിലായ പശ്ചാത്തലത്തലം പരിഗണിച്ചാണോ വലത് മുന്നണി മുദ്രാവാക്യം ഒഴിവാക്കിയത് എന്നത് ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം യു.ഡി.എഫ് പുറത്തുവിട്ടിട്ടില്ല.