കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കങ്ങൾ രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാൻ യു.ഡി.എഫ് ഇടപെടുന്നു. ഇതിനായി കോട്ടയത്ത് യു.ഡി.എഫ് ഉപസമിതി ചേര്‍ന്നു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്നാണ് യു.ഡി.എഫ് നിർദ്ദേശം.
സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് ഉപസമിതി യോഗം ചേർന്നത്. നേരത്തെ ഒന്നാം തീയതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ ഇത് നീണ്ടുപോയേക്കാം എന്നാണ് സൂചന.
നിഷ ജോസ് കെ മാണി യുടെ പേര് സജീവമായി പട്ടികയിലുണ്ട്. മത്സരിക്കുന്നതിൽ തെറ്റില്ലെന്നാണ് റോഷി അഗസ്റ്റിൻ അടക്കമുള്ളവർ പറയുന്നത്. എന്നാൽ ഇതിനെ ജോസഫ് ഭാഗം എതിർക്കുകയാണ്. ചിഹ്നം നൽകുന്ന കാര്യത്തിലും ഇതോടെ ആശയകുഴപ്പം തുടരുന്നുണ്ട്.