India Kerala

വാളയാര്‍ സംഭവം; പാലക്കാട് ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നു. വാളയാര്‍ സംഭവത്തില്‍ 15 കേന്ദ്രങ്ങളില്‍ സി.പി.എം വിശദീകരണ യോഗം നടത്തി.

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക,കേസ് സി.ബി.ഐ പുനരന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. വാളയാര്‍ കേസില്‍ സി.പി.എം പ്രതികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉപവാസ സമരം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്,എം.എസ്.എഫ് തുടങ്ങിയ സംഘടനകളും വ്യത്യസ്ഥ സമരം നടത്തി. വാളയാര്‍ കേസ് സര്‍ക്കാറിനെതിരെ തിരിച്ചുവിടനാണ് യു.ഡി.എഫ് ശ്രമം.

എന്നാല്‍ പാലക്കാട് ജില്ലയിലെ 15 ഏരിയ കേന്ദ്രങ്ങളിലും സി.പി.എം വിശദീകരണ യോഗം നടത്തി.സി.പി.എമ്മിന് വാളയാര്‍ കേസ് അട്ടിമറിക്കപെട്ടതില്‍ യാതൊരു പങ്കുമില്ലെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.ബി രാജേഷ് പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തില്‍ അട്ടപ്പള്ളത്ത് നടക്കുന്ന റിലേ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.