India Kerala

ക്ഷേമപെന്‍ഷന്‍ സിപിഎം നേതാക്കള്‍ പ്രചാരണായുധമാക്കുന്നു: പരാതിയുമായി യുഡിഎഫ്

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ വിതരണം സിപിഎം നേതാക്കള്‍ പചാരണായുധമാക്കുന്നതായി യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സഹകരണ ബാങ്ക് വഴിയുള്ള പെന്‍ഷന്‍ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനക്കൊപ്പം സിപിഎം നേതാക്കളും പ്രവര്‍ത്തകരും വീടുകളിലെത്തിക്കുന്നുവെന്നാണ് പരാതി. കൂടാതെ പെന്‍ഷന്‍ ഗുണഭോക്താക്കളെ ഇടത് അനുഭാവികളായി സമൂഹ മാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നുവെന്നും പരാതിയുണ്ട്.

കായണ്ണപഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കയ 83 കാരന്‍ മമ്മതിനും ഭാര്യ പാത്തുമ്മയ്ക്കും കുടിശികയായ അഞ്ച് മാസത്തെ പെന്‍ഷന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കിട്ടിയത്. അതേസമയം ഇവര്‍ക്ക് പണം നല്‍കാന്‍ എത്തേണ്ടിരുന്ന ബാങ്ക് ജീവനക്കാരനു പകരം വന്നത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. തുടര്‍ന്ന് ഇവരൊടൊപ്പം ഫോട്ടോ എടുത്ത് ഇടതുപക്ഷമാണ് ശരിയെന്ന തലക്കെട്ടുമായി ഈ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.

അതേസമയം തൊട്ടടുത്ത വാര്‍ഡിലെ വൃദ്ധയ്ക്ക് പണം എത്തിച്ചത് അയല്‍വാസിയും കുടുംബശ്രീ ഭാരവാഹിയുമായ സിപിഎം പ്രവര്‍ത്തകയാണ്. ഇവര്‍ പെന്‍ഷന്‍ തുക നല്‍കുന്നതിനൊപ്പം സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയും ഒപ്പം പിആര്‍ഡി പ്രസിദ്ധീകരിച്ച സര്‍ക്കാരിന്റെ ആയിരം ദിന നേട്ടങ്ങളടങ്ങുന്ന മറ്റൊരു നോട്ടീസും നല്‍കി.

സിപിഎം നിയന്ത്രണത്തിലുള്ള കായണ്ണ സര്‍വ്വീസ് സഹകരണബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവരെയാണ് ഈ വിധം സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലകളക്ടര്‍ക്കും യുഡിഎഫ് പരാതി നല്‍കി. എന്നാല്‍ പെന്‍ഷന്‍ പണം വിതരണം ചെയ്യാനേല്‍പിച്ചത് ബാങ്ക് ജീവനക്കാരെയാണെന്നും,സിപിഎമ്മുകാരുടെ കൈയില്‍ പണം എത്തിയതിനെ കുറിച്ചറിയില്ലെന്നുമാണ് കായണ്ണസര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി പ്രകാശന്റെ വിശദീകരണം.