India Kerala

എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടതില്‍ പ്രതിഷേധം: പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ട നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. യഥാർത്ഥ വിവരങ്ങൾ കോടതിയെ അറിയിക്കാതെ സർക്കാർ കള്ളക്കളി കളിച്ചുവെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയത്തില്‍ ആരോപിച്ചു. ഇല്ലാത്ത ഒഴിവുകൾ ഉണ്ടെന്ന് കാണിച്ച് പി.എസ്.സിയെ തെറ്റിദ്ധരിപ്പിച്ചത് യു.ഡി.എഫ് സർക്കാർ ആണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ മറുപടി പറഞ്ഞു.

നിലവിലുള്ള തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി മനുഷ്യത്യരഹിതമായ സമീപനം സ്വീകരിച്ചാണ് എംപാനൽ ജീവനക്കാരെ കെ.എസ്.ആർ.ടി.സി പിരിച്ച് വിട്ടതെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപിച്ചു. താത്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന് സി.എം.ഡി കത്ത് നൽകിയെന്നും ഇതാണ് എംപാനൽകാർക്ക് തിരിച്ചടി ആയതെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് മന്ത്രിയുണ്ടോയെന്നും സി.എം.ഡിയാണ് കെ.എസ്.ആർ.ടി.സി ഭരിക്കുന്നതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

എംപാനൽ ജീവനക്കാരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പരമാവധി ശ്രമിച്ചുവെന്നും ഹൈക്കോടതിയുടെ അന്തിമ വിധി വന്നശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.