India Kerala

സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ഉപരോധം

സംസ്ഥാന സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉയർത്തി യു.ഡി.എഫ് സെക്രട്ടേറിയറ്റും കളക്‌ട്രേറ്റുകളും ഉപരോധിച്ചു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും ഉപരോധം ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയം ഉയർത്തി ഭരണസ്തംഭനം മുഖ്യമന്ത്രി മറയ്ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രളയാനന്തര ഭരണസ്തംഭനം, സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച, ശബരിമല യുവതി പ്രവേശനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രേറ്റുകളും സെക്രട്ടേറിയറ്റും ഉപരോധിച്ചത്. രാവിലെ ആറ് മണി മുതൽ തന്നെ ഉപരോധം ആരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ കന്റോൺമെന്റ് ഗേറ്റ് ഒഴികെ മറ്റ് മൂന്ന് ഗേറ്റുകളും പ്രവർത്തകർ വളഞ്ഞു. സെക്രട്ടേറിയറ്റ് ഉപരോധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

കൊല്ലത്തെ കളക്‌ട്രേറ്റ് ഉപരോധം ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനും കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രനും ഉപരോധം ഉദ്ഘാടനം ചെയ്തു. മലപ്പുറത്തെ ഉപരോധം ഉദ്ഘാടനം ചെയ്ത പി.കെ കുഞ്ഞാലിക്കുട്ടി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.

എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മറ്റ് ജില്ലകളിൽ യു.ഡി.എഫ് നേതാക്കൾ സമരത്തിന് നേതൃത്വം നൽകി. ഉച്ചയോടെ പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചു.