Kerala

സംസ്ഥാന സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും

സംസ്ഥാന സർക്കാരിന്റെ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്ന ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. പന്തം കൊളുത്തിയും കരിങ്കൊടി ഉയർത്തിയും ഉള്ള പ്രതിഷേധ പ്രകടനങ്ങളും നടക്കും. 

തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് പ്രകടനം. യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.

സംസ്ഥാനത്ത് പുതിയ നികുതി നിർദേശങ്ങൾ പ്രാബല്യത്തിലായിരിക്കുകയാണ്. പെട്രോൾ, ഡീസൽ വില കൂടിയതോടെ ആവശ്യസാധനങ്ങൾക്കും വിലയേറും. സാമൂഹ്യസുരക്ഷ പെൻഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വർധിപ്പിച്ചത്. രാത്രി 12 മണി മുതൽ വില വർധവന് പ്രാബല്യത്തിൽ വന്നു. 500 മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിച്ചു.

ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി. ആനുപാതികമായി റജിസ്ട്രേഷൻ ചെലവും ഉയർന്നു. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ നികുതിയും കൂടിയിട്ടുണ്ട്. മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനവും പുതിയ കാറുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഒന്ന് മുതൽ രണ്ട് ശതമാനം വരെയുമാണ് വർധന. വൈദ്യുതി തീരുവ 5 ശതമാനമാക്കി. ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും നിർമ്മിച്ച് ആറ് മാസത്തിനകം മറ്റൊരാൾക്ക് കൈമാറുമ്പോഴുള്ള 5 ശതമാനം മുദ്രപത്ര നിരക്ക് ഏഴ് ശതമാനമായി. കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വർധനവ് .ജൂഡീഷ്യൽ കോർട്ട് ഫീ സ്റ്റാന്പുകളുടെ നിരക്ക് കൂടി. ചിലമേഖലകളിൽ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായി.വിൽപ്പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ ഇരട്ടി സ്റ്റാന്പ് ഡ്യൂട്ടി നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറഞ്ഞു.