Kerala

‘യുഡിഎഫും എൽഡിഎഫും ജനങ്ങളെ പറ്റിക്കാനുള്ള സൗഹൃദ മത്സരം നടത്തുന്നു’; വി മുരളീധരൻ

കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. തെറ്റായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. യുഡിഎഫും എൽഡിഎഫും ജനങ്ങളെ പറ്റിക്കാനുള്ള സൗഹൃദ മത്സരമാണ് നടത്തുന്നതെന്നും സഹകരണാത്മക പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം കേന്ദ്ര സർക്കാരിനെ പഴിചാരുന്നത് പതിവാകുന്നു. സർക്കാരിന്റെ തന്ത്രമാണിത്. ഈ തന്ത്രം അധികകാലം വിലപ്പോവില്ല. കേന്ദ്രം കർഷകർക്ക് നൽകുന്ന പണം കൃഷിമന്ത്രി നൽകുന്നതാണെന്നാണ് അവകാശവാദം. കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

ഇതിനിടെയാണ് അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കടമെടുപ്പിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിനും കേരളത്തിനും രണ്ട്‌ മാനദണ്ഡങ്ങളാണ്‌ നടപ്പാക്കുന്നതെന്ന്‌ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി വഴി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ കടപരിധിയിൽ ഉൾപ്പെടുത്തുമെന്നാണ്‌ കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്‌.

കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയും കടമെടുക്കാറുണ്ട്‌. ഇത്‌ കേന്ദ്രസർക്കാരിന്റെ കടമായി കൂട്ടാറില്ല. കേരളത്തോട്‌ പ്രത്യേക മനോഭാവംവച്ച്‌ പെരുമാറുന്നതിന്റെ ഭാഗമാണ്‌ ഇത്തരം തീരുമാനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.