India Kerala

കേരള ബാങ്കിൽ ലയനം: എതിര്‍പ്പ് ശക്തമാക്കി മലപ്പുറത്തെ യു.ഡി.എഫ് നേതാക്കള്‍

ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെയുള്ള നിലപാടിൽ മാറ്റമില്ലെന്ന് മലപ്പുറത്തെ യു.ഡി.എഫ് നേതാക്കൾ. ഈ മാസം 18ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിലും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് നിർദേശം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിലും സമാന രീതിയിൽ പ്രമേയം വോട്ട് ചെയ്ത് തള്ളിയിരുന്നു.

മാർച്ച് ഏഴിനാണ് കേരള ബാങ്ക് രൂപീകരണത്തിനായി 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ അനുമതി തേടിയ ജനറൽ ബോഡി യോഗം നടന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പക്ഷേ പ്രമേയം തള്ളി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രമേയം പരാജയപ്പെടുകയും ചെയ്തു. വീണ്ടും പൊതുയോഗം വിളിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് ഈ മാസം 18ന് വീണ്ടും ജനറൽ ബോഡി യോഗം ചേരുന്നത്. ഈ യോഗത്തിലും പ്രമേയം വോട്ട് ചെയ്തു പരാജയപ്പെടുത്താനാണ് യു.ഡി.എഫ് നീക്കം.

32നെതിരെ 97 വോട്ടുകൾക്കാണ് നേരത്തെ പ്രമേയം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തള്ളിയത്. അതേസമയം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കൂടെ ഉൾപ്പെടാതെ കേരള ബാങ്ക് രൂപീകരണത്തിന് തടസ്സമുണ്ടെന്നും റിസർവ്വ് ബാങ്ക് അനുമതി ബുദ്ധിമുട്ടാകുമെന്നുമാണ് വിലയിരുത്തൽ.