കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹയേയും അലനെയും കൂടുതൽ തെളിവുകൾ കിട്ടിയതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇതിനായി അലന്റെയും താഹയുടെയും മൊബൈല്‍ ഫോണുകളും ലാപ്ടോപും ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്റെ ഫലം ലഭിക്കേണ്ടതുണ്ട്. ഇവർ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു എന്ന പൊലീസ് വാദം തെളിയിക്കാനാണ് ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിക്കുന്നത്. ഇരുവർക്കുമെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന വാദം പ്രതിഭാഗം ഉയർത്തുമ്പോൾ കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.