പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും ത്യശൂരിലെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി. തങ്ങൾ മാവോയിസ്റ്റുകളല്ലന്നും സി.പി.എം പ്രവർത്തകരാണന്നും അലനും താഹയും പറഞ്ഞു.
കൊച്ചി എന്‍.ഐ.എ കോടതിയാണ് ഫെബ്രുവരി 14 വരെ പ്രതികളെ റിമാൻറ് ചെയ്ത് തൃശൂരിലെ ജയിലേക്കയച്ചത്. തങ്ങൾ സി.പി.എമ്മിന് വേണ്ടി പ്രവർത്തിച്ചവരാണെന്നും മാവോയിസ്റ്റുകളല്ലെന്നും അലനും താഹയും പ്രതികരിച്ചു. പ്രതികളെ കസ്റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയുടെ അപേക്ഷ നൽകി. എന്‍.ഐ.എയുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും.
കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്. തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. എന്‍.ഐ.എ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് കൊച്ചിയിലെ കോടതി കേസ് പരിഗണിക്കുന്നത്.