പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇരുവരുടേയും ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ഹരജി നൽകിയിരിക്കുന്നത്. നേരത്തെ ഇവരുടെ ജാമ്യ ഹരജി കോഴിക്കോട് സെഷൻസ് കോടതി തള്ളിയിരുന്നു.