പന്തീരങ്കാവ് യു.എ.പിഎ കേസ് എന്‍.ഐ.എയിൽ നിന്ന് തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി. അതിനുവേണ്ടി അമിത്ഷായുടെ മുന്നിൽ കത്തുമായി പോകാൻ താനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പന്തീരങ്കാവ് കേസിൽ യു.എ.പി.എ ചുമത്തി കേസ് എന്‍.ഐ.എക്ക് സർക്കാർ വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബും താഹാ ഫസലും പ്രതികളായ കേസിൽ സംസ്ഥാന പോലീസ് യു.എ.പി.എ ചുമത്തിയത് കൊണ്ടാണ് കേസ് എൻ.ഐ.എക്ക് ഏറ്റെടുക്കാൻ അവസരമുണ്ടായതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം.കെ മുനീർ ആരോപിച്ചു. എന്തിനാണ് യു.എ.പി.എ ചുമത്തിയതെന്ന് പോലീസിന് വ്യക്തതയില്ല.
എന്‍.ഐ.എ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണം, യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു. കേസ് എൻ.ഐ.എക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാർ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യു.എ.പിഎ ചുമത്തിയത് പുനഃപരിശോധനയ്ക്ക് മുമ്പ് തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേസ് തിരിച്ചു വിളിക്കണമെങ്കിൽ അതിന് കേന്ദ്രത്തിലെ മുൻകൂർ അനുമതി കൂടിയേതീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോയി.
ഇടതുപക്ഷത്തെ വിമർശിക്കാനുള്ള ആവേശത്തിൽ മാവോയിസ്റ്റുകളെ ന്യായീകരിക്കാനുള്ള വ്യഗ്രത നല്ലതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.