സംസ്ഥാന ടൂറിസം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം എംഎല്‍എ യു പ്രതിഭ. ടൂറിസം വകുപ്പ് കായംകുളത്തോട് കടുത്ത അവഗണന കാണിക്കുന്നുവെന്നാണ് യു പ്രതിഭയുടെ വിമര്‍ശനം. വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഉള്‍പ്പെടെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും ഒരു പൊതുപരിപാടിയ്ക്കിടെ യു പ്രതിഭ കുറ്റപ്പെടുത്തി. ടൂറിസം ഭൂപടത്തില്‍ കായംകുളം ഇല്ലേയെന്ന് തനിക്ക് പലപ്പോഴും സംശയം തോന്നാറുണ്ടെന്നും എംഎല്‍എ തുറന്നടിച്ചിരുന്നു. (U prathibha mla criticizes tourism department and p a Muhammed riyas)
ടൂറിസം എന്നാല്‍ ആലപ്പുഴ ബീച്ചും പുന്നമടയും മാത്രമാണെന്നത് മിഥ്യധാരണയാണെന്ന് എംഎല്‍എ പൊതുവേദിയില്‍ പറഞ്ഞു. കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്ന് മനസിലാക്കണം. ടൂറിസം വകുപ്പ് സ്ഥാപിച്ച മത്സ്യകന്യക വെയില്‍ കൊണ്ട് കറുത്തു. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാല്‍ വീര്‍പ്പുമുട്ടുകയാണെന്നും യു പ്രതിഭ കുറ്റപ്പെടുത്തി.
ഇതാദ്യമായല്ല യു പ്രതിഭ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നതെന്നും ശ്രദ്ധേയമാണ്. കായംകുളത്തെ കായലോരം ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു എംഎല്‍എയുടെ വിമര്‍ശനങ്ങള്‍.