കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായ് കാസർകോഡ് പെരിയയിൽ വെട്ടേറ്റ് മരിച്ച കൃപേഷ്, ശരത്ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് INOC സ്വിസ്സ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം കേരള മനസാക്ഷിയുടെ മുഖത്ത് 51 തവണ വെട്ടിയിട്ടും ചോര കണ്ട് കൊതിതീരാതെ കൊലവിളി നടത്തുന്ന CPM ന്റെ അതി നിഷ്ഠൂരമായ ഈ നിലപാടിനോടുള്ള അമർഷവും പ്രതിഷേധവും അറിയിക്കുന്നു.
കേരള സമൂഹം ഒരിക്കലും കാണാനാഗ്രഹിക്കാത്ത കൊലപാതകങ്ങളുടെ പരമ്പര തീർത്തു കൊണ്ട് രാഷ്ട്രീയ മര്യാദയുടെ ഒരംശം പോലും തൊട്ടു തീണ്ടാത്ത അണികളെ കയറൂരി വിട്ട് നേതൃത്വം പ്രതികൾക്ക് തണൽ വിരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് നാളെയുടെ വാഗ്ദാനങ്ങൾ മാത്രമല്ല ഓരോ കുടുംബത്തിന്റെയും അത്താണികൾ കുടിയാണെന്ന് ഓർക്കേണ്ടതുണ്ട്.
ചോരച്ചാലുകൾ കീറാൻ സഖാക്കളെ പണിതിറക്കുന്ന ഫാക്ടറികളായ് മാറുന്ന പാർട്ടി ഓഫീസുകളും അക്കമിട്ടെണ്ണി കൊന്നു തള്ളിയ വീര വാദം മുഴക്കുന്ന നേതാക്കന്മാരും ചേർന്ന് കേരളത്തെ ശവപ്പറമ്പാക്കി മാറ്റുമ്പോൾ ഇരമ്പിയാർക്കുന്ന പ്രതിഷേധാഗ്നികൾക്ക് നടുവിൽ നിങ്ങൾ അടിപതറി വീഴുക തന്നെ ചെയ്യും.
അതിദാരുണമായ ഈ കൊലപാതകത്തെ അപലപിക്കാൻ ചേർന്ന അടിയന്തര യോഗത്തിൽ INOC സ്വിസ്സ് കേരളാ ചാപ്റ്ററിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടൊപ്പം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു’
കാട്ടാളനീതിയോടെ നിങ്ങൾ കുത്തിയിറക്കിയ ഓരോ കഠാരയും കാലത്തിന്റെ കുത്തൊഴുക്കിൽ കൊലപാതകങ്ങളുടെ കറ പുരണ്ട ചെങ്കൊടിയെ ചീന്തിയെറിയാൻ തുടിക്കുന്ന സ്മരണകളുടെ ത്രയവർണ്ണപുഷ്പങ്ങളായ് ഈ മണ്ണിൽ വിരിയുക തന്നെ ചെയ്യും ജയ്ഹിന്ദ്.
റിപ്പോർട് -ജൂബിൻ