India Kerala

നാദാപുരത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവം; രണ്ട് പേർ അറസ്റ്റിൽ


കോഴിക്കോട് നാദാപുരത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില് പ്രതികൾ അറസ്റ്റിൽ. ചൊക്ലി സ്വദേശികളായ സനൂപ് (32) , ശരത് (33) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഇവർ മർദിച്ചത്.

ആശുപത്രിയിൽ കാഷ്യാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ ഭരത് കൃഷ്ണയ്ക്ക് നേരെയാണ് രാത്രി 12 മണിയോടെ കൈയ്യേറ്റം നടന്നത്. ചെവി അടഞ്ഞെന്ന് പറഞ്ഞ് രണ്ട് പേരാണ് ഡോക്ടറുടെ അടുത്തെത്തിയത്. വയനാട്ടിൽ നിന്ന് വരുന്നതാണെന്നും കുറ്റ്യാടി ആശുപത്രിയിൽ കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും ഇവർ പറഞ്ഞിരുന്നു.

ഡോക്ടർ മരുന്നിനെഴുതുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് നെബുലൈസേഷൻ നൽകുകയും ചെയ്തു. ഇതിനിടയിൽ കൂടെ ഉണ്ടായിരുന്നയാളും ചെവി അടഞ്ഞിട്ടുണ്ട് ഇയാൾക്കും മരുന്ന് നൽകണമെന്ന് നേഴ്സ്മാരോട് ആവശ്യപ്പെടുകയും ചെയ്തു. ഒ പി ടിക്കറ്റെടുക്കാതെ മരുന്ന് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവർ നേഴ്സ്മാരോട് തട്ടിക്കയറുകയായിരുന്നു. ഇതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന് മറ്റ് രണ്ട് പേർ കൂടെ വന്ന് ബഹളം തുടങ്ങിയതോടെ ഡോക്ടറും എത്തി.

ഒ പി ടിക്കറ്റെടുക്കാതെ, പ്രിസ്ക്രിപ്ഷനില്ലാതെ മരുന്ന് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഡോക്ടർ പറഞ്ഞു. താൻ മരുന്ന് നൽകാൻ പറഞ്ഞെന്നവകാശപ്പെട്ട് നഴ്സിനോട് അവർ ദേഷ്യപ്പെട്ടുവെന്നും ഡോക്ടർപറഞ്ഞു. ഇതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു.