മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്
സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് മരണം. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്.
പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്‍റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം.ഇദ്ദേഹത്തിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇന്ന് മരിച്ച വാണിയംകുളം സ്വദേശിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശി സിന്ധു(34) ആണ് മരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.
കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. ഈ മാസം 20നാണ് നോണ്‍കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രാജേഷിന് കോവിഡ് സ്ഥിരീകരിച്ചത്.
തൃശൂരിൽ രണ്ട് ദിവസം മുമ്പ് മരിച്ചയാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കോവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു. ശ്വാസകോശ ക്യാൻസർ രോഗിയായിരുന്നു. ഇതോടെ തൃശൂരില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
അതേസമയം സംസ്ഥാനത്ത് രോഗബാധ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തും വയനാടും രോഗവ്യാപനം കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ 320 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 311 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്ക് രോഗം വ്യാപിക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. കൊച്ചുതുറയില്‍ മിഷണറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 27 പേരും പ്രായമായവരാണ്.
കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ വയനാട്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 124 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 101 പേരും വാളാട് പ്രദേശത്തുള്ളവരാണ്. ഇതുവരെ 215 കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.വാളാട് നിന്നും സമീപ പ്രദേശങ്ങളിലേക്കും രോഗം വ്യാപിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.
കോഴിക്കോട് ജില്ലയിലും സമ്പര്‍ക്ക കേസുകള്‍ കൂടുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 84 പേരില്‍ 72 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലു പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു.