India Kerala

കോഴിക്കോട് ചെറുവാടിയില്‍​ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ്​ രണ്ട്​ പേർ മരിച്ചു

കോഴിക്കോട് ചെറുവാടിയിൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. പുൽപറമ്പിൽ അബ്ദുറഹ്മാൻ ,മലപ്പുറം ഓമാനൂർ സ്വദേശി വിനുവുമാണ് മരിച്ചത്. പഴമ്പറമ്പില്‍ ചെങ്കല്‍ക്വാറിയില്‍ ഇന്ന് രാവിലെയാണ് അപകടം.

മെഷീൻ ഉപയോഗിച്ച് ചെങ്കല്ല് വെട്ടുന്നതിനിടയിൽ രണ്ട് പേരുടെയും തലയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

മണ്ണിനോടൊപ്പം കൂറ്റൻ കല്ലുകളും തലയിൽ പതിച്ചു. ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ചെങ്കൽ ക്വാറിക്ക് ലൈസൻസ് ഇല്ലായിരുന്നെന്ന് സ്ഥലത്തെത്തിയ തഹസിൽദാർ പറഞ്ഞു.

ക്വാറി ഉടമക്കെതിരെ നടപടി സ്വീകരിക്കും. മരിച്ച അബ്ദുറഹ്മാന്റെയും വിനുവിന്റയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്