Kerala

പാലക്കാട്ടെ 2 പൊലീസുകാരുടെ മരണം; ഇന്ന് തെളിവെടുപ്പ്, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും

പാലക്കാട് മുട്ടിക്കുളങ്ങരയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ദുരൂഹ മരണത്തിൽ ഇന്നലെ കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും . കാട്ടുപന്നിയെ പിടികൂടാൻ വച്ച കെണിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും.

തെരച്ചിൽ തുടരുന്നതിനിടെ ഇന്നലെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് സംശയമുയർന്നിരുന്നു. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.

തോട്ടിൽ നിന്നും അൻപത് മീറ്ററോളം മാറി നെൽപാടത്താണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. രണ്ടു മൃതദേഹവും രണ്ടിടത്തായാണ് കിടന്നത്.എന്നാൽ പാടത്ത് വൈദ്യുതി വേലിയൊന്നും കണ്ടെത്താനായിട്ടില്ല. തോടിന് സമീപം ഒരു മോട്ടോർപുരയുണ്ട്. കാട്ടുപന്നിക്കായി വച്ച കെണിയിൽ ഇവർ അകപ്പെടുകയായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് സ്ഥലമുടമയേയും സുഹൃത്തിനേയും കസ്റ്റഡിയിൽ എടുത്തത്. മറ്റെവിടെ നിന്നെങ്കിലും ഷോക്കേറ്റ് മരിച്ചതിന് ശേഷം മൃതദേഹം വയലിൽ കൊണ്ടു വന്നിട്ടതാണോയെന്നും സംശയമുണ്ട്.