Kerala

അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒന്നര കോടിയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ഉമ്മര്‍ കോയ, അബ്ദുല്‍ സലാം എന്നിവര്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂരില്‍ പൊലീസും കസ്റ്റംസും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.

ഇന്നലെ രാത്രി അബുദാബിയില്‍ നിന്നും വന്ന മലപ്പുറം കൂട്ടായി സ്വദേശി ഉമ്മര്‍കോയയില്‍ നിന്നും 48 ലക്ഷം രൂപയുടെ 855 ഗ്രാം സ്വര്‍ണം കസ്റ്റംസ് കണ്ടെത്തി. മിശ്രിത സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ മസ്‌കറ്റില്‍ നിന്നും വന്ന പൊന്നാനി സ്വദേശി അബ്ദുല്‍ സലാം സ്വര്‍ണവുമായ് കസ്റ്റംസിനെ വെട്ടിച്ചു കടക്കുന്നതിനിടെ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് പൊലീസ് വലയിലായത്.

400 ഗ്രാം സ്വര്‍ണ മിശ്രിതം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും 1257 ഗ്രാം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചുമാണ് അബ്ദുള്‍ സലാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും കസ്റ്റംസും പരിശോധന നടത്തിയത്.