India Kerala

പാല ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു

പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളകോണ്‍ഗ്രസിലെ തര്‍ക്കവും മുറുകുന്നു. പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശങ്കയില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു.

സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെ ആണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക താന്‍ തന്നെയാണെന്ന നിലപാടിലാണ് പി.ജെ ജോസഫ് ഉള്ളത്. തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിലും ഇത് തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. ഇന്നാണ് യുഡിഎഫ് യോഗം.

കേരള കോൺഗ്രസിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് എടുക്കുന്ന നിലപാട് നിർണായകമാകും. രണ്ട് പാർട്ടികളെപ്പോലെ ഭിന്നിച്ചു നിൽക്കുന്ന ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളെ പരസ്പര ധാരണ എത്തിക്കുക എന്നതാണ് യു.ഡി.എഫിന്റെ പ്രധാന വെല്ലുവിളി.