Kerala

ഇരിക്കൂര്‍ കോണ്‍ഗ്രസില്‍ പ്രശ്ന പരിഹാരം; എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിച്ചു

ഇരിക്കൂർ സീറ്റിനെ ചൊല്ലി കണ്ണൂരിലെ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് വിരാമം. ഇടഞ്ഞു നിന്ന എ ഗ്രൂപ്പ്‌ നേതാക്കളെ പങ്കെടുപ്പിച്ച് ഇരിക്കൂറിൽ യു.ഡി.എഫ് കൺവെൻഷൻ നടത്തി. വിയോജിപ്പുകൾ സ്വാഭാവികമാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു. രണ്ട് ദിവസത്തിനകം പ്രശ്നപരിഹാര മുണ്ടാകുമെന്ന് കെ സുധാകരനും വ്യക്തമാക്കി.

രണ്ടാഴ്ചയോളം നീണ്ട പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് എ ഗ്രൂപ്പ്‌ നേതാക്കൾ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിയതോടെ കണ്ണൂരിലെ കോൺഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. സജീവിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് രാജിവെച്ച യു.ഡി.എഫ് ജില്ലാ ചെയർമാൻ അടക്കം ഏതാണ്ട് എല്ലാ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു. കൺവെൻഷനിൽ സംസാരിച്ച കെ.സി ജോസഫും കെ.സുധാകരനും അടക്കമുള്ളവരും മുറിവ് ഉണക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്.

എന്നാൽ സോണി സെബാസ്റ്റ്യൻ കൺവെൻഷനിൽ പങ്കെടുത്തില്ല. വ്യക്തി പരമായ കാരണങ്ങളാലാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. ഒപ്പം ഒരു വിഭാഗം എ ഗ്രൂപ്പ്‌ നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പരിഹാര ഫോർമുല പ്രഖ്യാപിക്കാൻ നേതൃത്വം തയ്യാറാവാത്തതാണ് ഇവരുടെ അതൃപ്‌തിക്ക് കാരണം. ഇതിനിടെ സോണി സെബാസ്റ്റ്യന് രാജ്യസഭ സീറ്റ് നൽകുന്നത് സംബന്ധിച്ച് യു.ഡിഎഫിനുള്ളിൽ ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.