കേരളം സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകാരോഗ്യ സംഘടനയുടെ നാലുഘട്ടങ്ങളിൽ മൂന്നാമത്തേതിലാണ് കേരളം. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. അടുത്തത് സമൂഹവ്യാപനമാണെന്നും ഇത് തടയുന്നതിനായി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ലസ്റ്ററുകളിൽ കോവിഡ് പടരുന്നതാണ് മൂന്നാം ഘട്ടം.
തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടി. പൂന്തുറ, പുല്ലുവിട, പൊട്ടക്കൽ, വെങ്ങാനൂർ എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകൾ. അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും പുതിയ കണ്ടെയ്ൻമെൻറ് സോണുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ആര്യനാട് പഞ്ചായത്തിലെ എല്ലാ വാർഡുകളും നിലവിലെ തൃപ്തികരമായതിനാൽ കണ്ടെയ്ൻമന്റ് സോണിൽനിന്ന് ഒഴിവാക്കി. ജില്ലയിൽ മെഡിക്കൽ ആബുലൻസ് സജ്ജീകരിക്കുകയും റേഷൻ വിതരണം പൂർത്തിയാക്കുകയും ചെയ്തു.
എറണാകുളത്ത് സമ്പർക്കം കൂടിയ ചെല്ലാനം, ആലുവ മുനിസിപ്പാലിറ്റികളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആലപ്പുഴയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 34 പേരിൽ 15പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഏറ്റവും കൂടുതൽ കേസുകൾ തൂണേരി പഞ്ചായത്തിലാണ്. ഇവിടെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. രണ്ടുപേരിൽനിന്ന് ഇവിടെ 57 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കണ്ടെയ്ൻമന്റ് സോണിലടക്കം എല്ലാ കേന്ദ്രങ്ങളിലും എൻജിനീയറിങ് പ്രവേശന പരീക്ഷ നടക്കുമെന്നും പരീക്ഷ കേന്ദ്രങ്ങൾ പരീക്ഷക്ക് മുമ്പും ശേഷവും അണുവിമുക്തമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.