Kerala

അരിക്കൊമ്പനെ പെരിയാറിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്‌നാട്

തമിഴ്‌നാട് മേഘമലയില്‍ തമ്പടിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം തുടരുന്നു. നിലവില്‍ മേഘമല കടുവാ സങ്കേതത്തിലെ നിബിഢ വനമേഖലയിലാണ് ആനയുള്ളത്. ഇന്നലെ രാത്രി മേഘമലയ്ക്ക് പോകുന്ന വഴിയില്‍ തമ്പടിച്ച അരിക്കൊമ്പന്‍ പിന്നീട് കാട്ടിലേക്ക് കയറി.

ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ പലപ്പോഴായി തടസ്സപ്പെടുന്നത് നിരീക്ഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്‌നാടും, സിഗ്‌നല്‍ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കേരളവും വാദിക്കുന്നു.

ആന തമിഴ്‌നാട് ഭാഗത്തേക്ക് വീണ്ടും നീങ്ങിയാല്‍ ചിന്നമന്നൂര്‍ ജനവാസ മേഖലയിലേക്ക് എത്തും. ജനസാന്ദ്രതയുള്ളതും നിരവധി കൃഷിയിടങ്ങളുമുള്ള സ്ഥലമാണ് ചിന്നമന്നൂര്‍. അരിക്കൊമ്പന്‍ ഇവിടേക്കെത്തിയാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകും. ആനയെ കേരളാ വനമേഖലയിലേക്ക് കടത്താനാണ് തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം.

തമിഴ്‌നാട് വനം വകുപ്പിന്റെ 30 പേരടങ്ങുന്ന പ്രത്യേക സംഘമാണ് മേഘമലയില്‍ തമ്പടിച്ചിരികുന്നത്. ഏറ്റവും ഒടുവില്‍ അരികൊമ്പനെ കണ്ടത് മേഘമല ഇരവങ്കലാറില്‍ ആണ്. ജനവാസ മേഘലയില്‍ നിന്ന് ഒള്ളിലാണ് ഈ പ്രദേശം. കൊമ്പന്‍ ഇവിടെ നിന്ന് ജനവാസ മേഘലയിലേക്ക് ഇരങ്ങാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്..