കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ എസ് ഐ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി. പൊലീസ് സ്റ്റേഷനില്‍ വച്ച് സൈനികനും സഹോദരനും അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് വെളിപ്പെടുത്തല്‍.
കൊല്ലം കരിക്കോട് സ്വദേശിയായ സൈനികന്‍ വിഷ്ണുവും സഹോദരന്‍ വിഘ്‌നേഷുമാണ് പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന് ഇരകളായത്. എം.ഡി.എം.എ കേസിലെ പ്രതിക്ക് ജാമ്യം എടുക്കാന്‍ വന്നവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ മര്‍ദ്ദിച്ചു എന്നായിരുന്നു അന്നത്തെ കേസ്. ഇരുവരും കേസില്‍ റിമാന്‍ഡില്‍ ആവുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ഇരുവരും നല്‍കിയ പരാതിയിലാണ് വസ്തുതകള്‍ പുറംലോകം അറിയുന്നത്.
വിഷ്ണുവും വിഘ്‌നേശശും പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന് മുറിപ്പാടുകളും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സൈനികനായ വിഷ്ണുവിന്റെ കല്യാണവും മുടങ്ങി.
സംഭവത്തില്‍ കിളികൊല്ലൂര്‍ എസ് ഐ എ പി അനീഷ്, സീനിയര്‍ സിപി ഒ മാരായ ആര്‍ പ്രകാശ് ചന്ദ്രന്‍ , വി ആര്‍ ദിലീപ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സിഐക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കരുത് എന്നാണ് ആവശ്യം.