സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. 10 കുതിരശക്തിക്ക് മുകളിലുള്ള യന്ത്രവത്കൃത ബോട്ടുകളിലെ മത്സ്യബന്ധനത്തെയാണ് നിരോധനം ബാധിക്കുക. ഇന്ന് മുതല്‍ ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബാധകമല്ല. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തും ഹാര്‍ബറുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കൊല്ലം നീണ്ടകര പാലത്തിന്റെ തൂണുകളില്‍ ഫിഷറീസ് വകുപ്പ് ചങ്ങലകള്‍ ബന്ധിച്ചതോടെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രാബല്യത്തിലായി. നാലായിരത്തോളമുള്ള ട്രോള്‍ ബോട്ടുകള്‍ക്കും ഗില്‍നെറ്റ്, പഴ്സീന്‍ ബോട്ടുകള്‍ക്കുമാണ് കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുള്ളത്. പുറംകടലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ഈ ബോട്ടുകളെല്ലാം ഇന്നലെ രാത്രിയോടെ തീരത്തടുപ്പിച്ചു.
ഒരു ലക്ഷത്തോളം തൊഴിലാളികളെയാണ് ട്രോളിങ് നിരോധനം നേരിട്ട് ബാധിക്കുക. ഈ കുടുംബങ്ങള്‍ക്ക് സൌജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങള്‍ പരിശോധിക്കാനും സുരക്ഷക്കുമായി കോസ്റ്റല്‍ പൊലീസ് കൂടുതല്‍ ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. തീരത്ത് 24 മണിക്കൂറുകളും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 52 ദിവസത്തെ ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യബന്ധനം നടത്താം. എന്നാല്‍ ഇവര്‍ ബയോമെട്രിക് കാര്‍ഡും സുരക്ഷക്കായി ലൈഫ് ജാക്കറ്റും കരുതണമെന്ന് ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശമുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് പ്രക്ഷുബ്ധമായ കടലില്‍ മത്സ്യബന്ധനം നടത്തുന്നത് ഒഴിവാക്കണമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.