പതിറ്റാണ്ടുകൾക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എസ്.എഫ്.ഐ ഒഴികെയുള്ളവരുടെ നാമനിർദ്ദേശ പത്രിക തള്ളിയെങ്കിലും കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാർഥികളുടെ അപ്പീലിൽ വിവിധ സീറ്റുകളിലേക്ക് പത്രിക സ്വീകരിച്ചു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് അവസരമൊരുങ്ങിയത്. തള്ളിയ മറ്റ് പത്രികകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് കോളജിൽ എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ യൂണിറ്റ് രൂപീകരിച്ചത്. ഇതോടെയാണ് ഇത്തവണ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മറ്റ് സംഘടനകളും മത്സരിക്കാൻ രംഗത്ത് വന്നത്. എന്നാൽ എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകളിൽ പെട്ടവരുടെ പത്രിക കൂട്ടത്തോടെ തള്ളിയപ്പോൾ കെ.എസ്.യുവും എ.ഐ.എസ്.എഫും വരണാധികാരിക്ക് മുമ്പാകെ അപ്പീൽ നൽകി. തുടർന്ന് ചെയർമാൻ, ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കുള്ള കെ.എസ്.യു സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചു. എ.ഐ.എസ്.എഫിന്റെ യു.യു.സി സ്ഥാനത്തേക്കുള്ള പത്രികയും അംഗീകരിച്ചു.
1979ന് ശേഷമാണ് കെ.എസ്.യുവിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മത്സരിക്കാനാവുന്നത്. ചെയർമാൻ, മാഗസിൻ എഡിറ്റർ എന്നീ സ്ഥാനങ്ങളിലേക്ക് എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.