കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി
തിരുവനന്തപുരവും എറണാകുളവും കൊവിഡ് സമൂഹവ്യാപനത്തിന്‍റെ വക്കില്‍. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി. കൊച്ചിയില്‍ വേണ്ടി വന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചേക്കും.
പൂന്തുറയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്ക്. തൊട്ടടുത്ത പ്രദേശമായ പരുത്തിക്കുഴിയില്‍ രണ്ടും വള്ളക്കടവില്‍ 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നും ഇരുപതിലേറെ കേസുകള്‍ ഉണ്ടെന്നാണ് വിവരം. പ്രാദേശിക വ്യാപനം ഉണ്ടായിക്കഴിഞ്ഞെന്ന വിലയിരുത്തലിന് കാരണം ഇതാണ്. ഇതേത്തുടര്‍ന്ന് പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചു. റോഡുകള്‍ അടച്ചു. ജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടയുന്നുണ്ട്. ഇന്ന് ആരോഗ്യമന്ത്രി, കലക്ടര്‍, ഡി.എം.ഒ എന്നിവരുമായി യോഗം നടത്തി സ്ഥിതി വിലയിരുത്തി. നഗരത്തിലെ ട്രിപ്പിള്‍ ലോക്ഡൌണ്‍ നീട്ടേണ്ടി വരും. കൊവിഡ് ബാധിതനായ ആര്യനാട്ടെ ഡോക്ടര്‍ സന്ദര്‍ശിച്ച നെടുമങ്ങാട് പനവൂര്‍ പി ആര്‍ ആശുപത്രി അടച്ചു. ടെസ്റ്റ് – പോസിറ്റീവ് അനുപാതം സംസ്ഥാന ശരാശരിയെക്കാള്‍ ഇരട്ടിയായ എറണാകുളത്തും സ്ഥിതി സങ്കീര്‍ണമാണ്. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി.
കൊച്ചിയില്‍ രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിയിലുള്ളവരുടെ പിസിആര്‍ പരിശോധന നടത്തും. കണ്ടെയ്മെന്‍റ് സോണായ സീപോർട് എയർപോർട് റോഡരികിലെ അനധികൃത വില്‍പന കേന്ദ്രങ്ങൾ പൊലീസ് അടപ്പിച്ചു. വയനാട്ടില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. കല്‍പ്പറ്റ നഗരസഭയിലെ ഏഴ് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയത്. പ്രദേശത്ത് കോവിഡ് രോഗികൾ കറങ്ങി നടന്നതിനെ തുടർന്നാണ് നടപടി. നഗരസഭയിലെ 24,25 വാര്‍ഡുകളിൽ ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തും.