Kerala

വിമാനത്താവള കൈമാറ്റം, സര്‍ക്കാരിന് തിരിച്ചടി, ഹരജിയില്‍ സ്റ്റേ ഇല്ല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 15ന് വിണ്ടും പരിഗണിക്കും.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് 50 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​ന് അ​ദാ​നി​ക്ക് കൈ​മാ​റി​യ കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ നടപടിക്കള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു.

ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സംയുക്ത പ്രമേയത്തില്‍ വിമാനത്താവള നടത്തിപ്പ് അദാനിയെ ഏല്‍പ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ താത്പര്യം പരിഗണിക്കാതെയാണ് വിമാനത്താവളം സ്വകാര്യവൽക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മുന്‍പരിചയമില്ലാത്ത കമ്പനിയെയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സര്‍ക്കാരിന് തിരികെ നല്‍കണമെന്നും പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊച്ചി വിമാനത്താവളവും കണ്ണൂര്‍ വിമാനത്താവളവും പിപിപി മോഡലില്‍ നടത്തി കേരളത്തിന് പരിചയമുണ്ട്. സംസ്ഥാനം ഏറ്റെടുത്ത ഭൂമിയുടെ വില സംസ്ഥാനത്തിന്‍റെ ഓഹരിയായി കണക്കാക്കണമെന്ന് കേന്ദ്രത്തോട് പറഞ്ഞതാണ്. സ്വകാര്യ സംരംഭകന് വിമാനത്താവള നടത്തിപ്പ് നല്‍കുന്നതിനെതിരെ സംസ്ഥാനം നല്‍കിയ കേസ് ഹൈക്കോടതിയില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് കേന്ദ്രമന്ത്രിസഭായോഗം വിമാനത്താവളം അദാനിക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.