India Kerala

തൃശൂർ ജില്ലയിൽ മഴ കനത്തു; പലയിടങ്ങളും വെള്ളക്കെട്ടില്‍

തൃശൂർ ജില്ലയിൽ മഴ കനത്തു. ജില്ലയിലെ പലയിടങ്ങളും വെള്ളക്കെട്ടിലാണ്. പതിനേഴായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.

രാവിലെ മഴ മാറി നിന്നതിന്റെ ആശ്വാസത്തിലായിരുന്നു തൃശൂർ. എന്നാൽ തൃശൂരിന്റെ ചങ്കിടിപ്പ് കൂട്ടി പതിനൊന്നു മണിയോടെ കനത്ത മഴ. ഭാരത പുഴയിലും ചാലക്കുടി പുഴയിലും രാവിലെ ജല നിരപ്പ് അൽപ്പം താഴ്ന്നിരുന്നുവെങ്കിലും മഴയ്ക്ക് പിന്നാലെ ജലനിരപ്പുയർന്നു. ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലാണ് മഴക്കെടുതി രൂക്ഷം. നഗരത്തിന്റെ സമീപ പ്രദേശങ്ങൾ പലതും വെള്ളക്കെട്ടിലാണ്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളോർത്ത് മഴക്കെടുതി രൂക്ഷമായ ഇടങ്ങളിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി തുടങ്ങി

അസുരൻകുണ്ട് ഡാം തുറന്നതിനെ തുടര്‍ന്ന് ഡാമിന്റെ സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരിത ബാധിതരുടെ സഹായത്തിനെത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വലിയ പരാതിയൊന്നും ഇതുവരെ ഉയർന്നിട്ടില്ല