Kerala

പദ്ധതി പ്രഖ്യാപിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു; എങ്ങുമെത്താതെ തൃപ്പൂണിത്തുറ ബൈപാസ്

പദ്ധതി പ്രഖ്യാപിച്ച് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്താതെ തൃപ്പൂണിത്തുറ ബൈപാസ്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഭൂമി വില്‍ക്കാനോ, വീടിന്റെ അറ്റകുറ്റപണികള്‍ നടത്താനോ കഴിയാതെ പ്രതിസന്ധിയിലാണ് ഭൂ-ഉടമകളായ നൂറ്റിയന്‍പതിലധികം കുടുംബങ്ങള്‍. പദ്ധതി അനിശ്ചിതമായി നീളുന്നത് പരിഹരിക്കാന്‍ നിയമപോരാട്ടത്തിലാണ് പ്രദേശവാസികള്‍.

തിരുവാങ്കുളം മുതല്‍ പേട്ട വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായാണ് 1989-ല്‍ തൃപ്പൂണിത്തുറ ബൈപാസ് പ്രഖ്യാപിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മറ്റക്കുഴി മുതല്‍ കുണ്ടന്നൂര്‍ വരെ 8.23 കിലോമീറ്ററാണ് ബൈപാസ് പദ്ധതിയുടെ നീളം. പദ്ധതി അനിശ്ചിതമായി നീണ്ടതോടെ സ്ഥലം വില്‍ക്കാനോ, വീട് പുതുക്കിപ്പണിയാനോ കഴിയതാതെ നിരവധിപ്പേര്‍ കുരുക്കിലായി.

16.17 ഹെക്ടര്‍ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടത്. പ്രദേശത്തെ ഭൂരിപക്ഷം ആളുകളും പദ്ധതിയുമായി സഹകരിച്ചു. എന്നാല്‍ 4.43 ഹെക്ടര്‍ മാത്രമാണ് ഇതുവരെ പണം നല്‍കി ഏറ്റെടുത്തത്. കേന്ദ്രഫണ്ട് ലഭ്യമാകാതെ വന്നതോടെയാണ് പദ്ധതി നിലച്ചത്.