India Kerala

മുത്തലാഖ് ബില്‍

മുത്തലാഖ് ബില്ലില്‍ മുസ്‍ലിം ലീഗ് അംഗത്തിന് സംസാരിക്കാന്‍ അവസരം ലഭിക്കാത്തതിന് കാരണം പി.കെ കുഞ്ഞാലിക്കുട്ടിയുടെ ജാഗ്രതക്കുറവ്. നേരത്തേ കത്ത് നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയാണ് സംസാരിക്കാന്‍ എഴുന്നേറ്റ കുഞ്ഞാലിക്കുട്ടിയെ സ്പീക്കര്‍ തടയാന്‍ കാരണം. മുത്തലാഖ് ബില്ല് നേരത്തേ ചര്‍ച്ചക്ക് വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ ഹാജരാകാതിരുന്നത് പാര്‍ട്ടിയില്‍ വിവാദമായിരുന്നു.

രാവിലെ പത്ത് മണിക്ക് മുന്‍പ് കത്ത് നല്‍കിയാല്‍ ഏത് ബില്ലുമായി ബന്ധപ്പെട്ടും ലോക്സഭയില്‍ സംസാരിക്കാന്‍ അവസരം കിട്ടും. മുത്തലാഖ് ബില്ല് അവതരിപ്പിക്കുന്ന കാര്യം നേരത്തേ അറിയാമായിരുന്നിട്ടും സമയത്ത് കത്ത് നല്‍കി പ്രസംഗിക്കാന്‍ അവസരം വാങ്ങുന്നതില്‍ ലീഗ് പരാജയപ്പെട്ടു. ലീഗിന്റെ കക്ഷി നേതാവെന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് സംഭവിച്ച വീഴ്ചയാണിത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും കത്ത് നല്‍കിയവര്‍ക്കേ അവസരമുള്ളൂ എന്ന് പറഞ്ഞ് സ്പീക്കര്‍ വിലക്കി. സഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമുള്ള അസദുദ്ദീന്‍ ഉവൈസി വിശദമായി പ്രസംഗിച്ച് ബില്ലിനെ എതിര്‍ത്തപ്പോഴാണ് മൂന്നംഗങ്ങളുള്ള ലീഗ് അവസരം നഷ്ടപ്പെടുത്തിയത്. ശശി തരൂര്‍,എന്‍.കെ പ്രേമചന്ദ്രന്‍, അസദുദ്ദീന്‍ ഉവൈസി എന്നിവരാണ് ബില്ലിനെ എതിര്‍ത്ത് ലോക്സഭയില്‍ പ്രസംഗിച്ചത്.

ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി പാര്‍ലമെന്റില്‍ ഇടപെടുന്ന കാര്യത്തില്‍ ലീഗിന് വീഴ്ച സംഭവിക്കുന്നു എന്ന ആക്ഷേപം ശക്തിപ്പെടാന്‍ കുഞ്ഞാലിക്കുട്ടിയുടെ വീഴ്ച വഴി വെക്കും. മുത്തലാഖ് ബില്ലില്‍ രണ്ടാമതും കുഞ്ഞാലിക്കുട്ടിക്ക് പിഴച്ചത് പാര്‍ട്ടിയില്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. അടുത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.