കെപിഎസി ലളിതയ്ക്കും നെടുമുടി വേണുവിനും പിന്നാലെ ഇന്നസെന്റും യാത്രപറഞ്ഞുപോകുമ്പോള്‍ മലയാള സിനിമയില്‍ ലെജന്റ്‌സ് അവശേഷിപ്പിച്ചുപോകുന്ന വിടവ് വലുതാകുകയാണ്. മലയാള സിനിമയുടെ ഹാസ്യത്തിന്റെ മുഖവും താരസംഘടനയുടെ നേതാവുമാണ് വിടപറഞ്ഞിരിക്കുന്നത്. മലയാള സിനിമാ മേഖലയുടെ മുഖമുദ്രയെന്ന് മറ്റ് സിനിമാ രംഗങ്ങള്‍ അടയാളപ്പെടുത്തുന്ന സ്വാഭാവികമായ അഭിനയ രീതിയുടെ തമ്പുരാന്‍ കൂടിയായിരുന്നു ഇന്നസെന്റ്. ഹാസ്യം മാത്രമല്ല തന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്തുകടന്ന് ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് തന്നെ തന്നെ വിട്ടുകൊടുക്കാനും ഇന്നസെന്റ് മടിച്ചിട്ടില്ല. എക്കാലവും ഓര്‍ത്ത് വയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെ ഭൂമിയില്‍ അവശേഷിപ്പിച്ച് ഇരിഞ്ഞാലക്കുടയുടെ ആ പുഞ്ചിരി മായുമ്പോള്‍ മലയാള സിനിമാ ലോകം ഒന്നടങ്കം ആ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ്. (Tributes pour in for Innocent)
ഇന്നസെന്റിന്റെ വിയോഗത്തെക്കുറിച്ച് പറയാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു നടന്‍ ജയറാമിന്റെ പ്രതികരണം. മൂന്ന് പതിറ്റാണ്ടിലധികമായി നീണ്ടു നില്‍ക്കുന്ന സഹോദരസ്‌നേഹമാണ് ഇന്നസെന്റിനോടുള്ളതെന്നും അദ്ദേഹത്തിന്റെ കൂടെ സ്‌ക്രീന്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജയറാം പറഞ്ഞു.
നല്‍കിയ ചിരികള്‍ക്ക് നന്ദിയെന്ന് നടി മഞ്ജു വാര്യര്‍ പ്രതികരിച്ചു. ടനന്ദി ഇന്നസെന്റ് ചേട്ടാ! നല്‍കിയ ചിരികള്‍ക്ക്… സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും…’ മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ചലച്ചിത്ര ചരിത്രത്തിലെ ഒരു ഇതിഹാസ അധ്യായം അവസാനിച്ചുവെന്നാണ് പൃഥ്വിരാജ് സുകുമാരന്‍ ട്വിറ്ററില്‍ കുറിച്ചത്. കലാരംഗത്ത് തനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നുവെന്നും, ജീവിതത്തിലെ പ്രതിസന്ധികളില്‍ ഇന്നസെന്റിന്റെ ആശ്വാസവാക്കുകള്‍ കരുത്ത് പകര്‍ന്ന് നല്‍കിയെന്നും നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.
അഭിനയത്തില്‍ ജീവിക്കുകയും, ജീവിതത്തില്‍ അഭിനയിക്കാതിരിക്കുകയും ചെയ്ത ,പേര് അന്വര്‍ത്ഥമാക്കിയ വ്യക്തിത്വമാണ് ഇന്നസെന്റിന്റേതെന്ന് നടന്‍ ജയസൂര്യ അനുസ്മരിച്ചു. മഹാനായ ഒരു അഭിനേതാവിനേയും മഹാനായ ഒരു മനുഷ്യനേയും നമ്മുക്ക് നഷ്ടപ്പെട്ടുവെന്നായിരുന്നു ഇന്നസെന്റിന്റെ മരണം അറിഞ്ഞ് നടി ഖുഷ്ബു പ്രതികരിച്ചത്.