India Kerala

രാഷ്ട്രീയ പാര്‍ട്ടികളുടെ അവഗണനയില്‍ പ്രതിഷേധം; ഗോത്രവർഗ കൂട്ടായ്മ വയനാട്ടില്‍ മത്സരിക്കുന്നു സംസ്ഥാന ചെയർമാൻ ബി

ഗോത്രവർഗ കൂട്ടായ്മ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന ചെയർമാൻ ബിജു കാക്കത്തോടാണ് സ്ഥാനാർഥി. മണ്ഡലത്തിലെ ആദിവാസി, ദലിത് വോട്ട് ലക്ഷ്യമിട്ടാണ് ഗോത്രവർഗ കൂട്ടായ്മയുടെ സ്ഥാനാർഥി പ്രഖ്യാപനം.

വയനാട്ടിലെ ആദിവാസി വോട്ടുകളില്‍ കണ്ണുനട്ടാണ് ഗോത്രവർഗ കൂട്ടായ്മ സ്വന്തമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. സുല്‍‍ത്താന്‍ ബത്തേരിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ ഗോത്ര ജില്ലാ സെക്രട്ടറി കൃഷ്ണൻ കാര്യമ്പാടിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

മണ്ഡലത്തിലെ കോളനികൾ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുക. ഗോത്ര വർഗക്കാർക്ക് സ്വാധീനമുള്ള വയനാട്ടിലെ മൂന്ന് മണ്ഡലങ്ങൾക്ക് പുറമെ മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലും പ്രചരണം സജീവമാക്കുമെന്നും കൂട്ടായ്മ നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ രണ്ടര ലക്ഷത്തോളം വോട്ടർമാരുണ്ടെന്നാണ് കൂട്ടായ്മയുടെ വിലയിരുത്തൽ. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഗോത്രവർഗ വിഭാഗത്തെ അവഗണിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഗോത്രവര്‍ഗ കൂട്ടായ്മ നേതാക്കള്‍ പറഞ്ഞു.