ആദിവാസി ക്ഷേമത്തിനായി വകയിരുത്തിയ ലക്ഷങ്ങള്‍ ഉദ്യോഗസ്ഥ ലോബി തട്ടിയെടുത്തതിന്റെ തെളിവുകള്‍ പുറത്ത്. മറയൂരില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയത് വന്‍ കൊള്ളയാണെന്ന് പട്ടിക വര്‍ഗ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ വിഭാഗം കണ്ടെത്തി. ആദിവാസി മേഖലയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ ജനനി ജന്മരക്ഷാ പദ്ധതി,ഭവന പദ്ധതിയായ ലൈഫ് മിഷന്‍ തുടങ്ങിയവയ്ക്ക് നീക്കി വെച്ച പണമാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും കൂടി തട്ടിയെടുത്തത്. മറയൂര്‍ മോഡല്‍ അഴിമതിയുടെ വിശദാംശങ്ങള്‍ മാധ്യമം ആഴ്ച പതിപ്പ് പുറത്ത് വിട്ടു.
ഇന്ന് പുറത്തിറങ്ങിയ മാധ്യമം ആഴ്ചപതിപ്പിലാണ് മറയൂരില്‍ ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ച തുക ഉദ്യോഗസ്ഥര്‍ അപഹരിച്ചതിന്റെ വഴികള്‍ വിശദീകരിക്കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ വീതം 18 മാസം നല്‍കുന്ന പദ്ധതിയായി ജനനി ജന്മ രക്ഷാ പദ്ധതിയിലാണ് വ്യാപക ക്രമക്കേട്. പദ്ധതിയ്ക്കായി 2017 ഒക്ടോബറില്‍ മറയൂര്‍ ടി ഇ ഒയുടെ അക്കൌണ്ടിലെത്തിയ 12 ലക്ഷത്തി 21000 രൂപയില്‍ 12 ലക്ഷത്തി പതിനാറായിരം രൂപയും ചിലവഴിച്ചുവെന്നായിരുന്നു കാഷ് ബുക്കിലെ രേഖപ്പെടുത്തല്‍. എന്നാല്‍ 2018 മെയ് 17 ന് ആഭ്യന്തര കണക്ക് പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്താനായത് മൂന്ന് ലക്ഷത്തി നാല്‍പതിനായിരം രൂപ മാത്രം ചെലവഴിച്ചതിന്റെ വൌച്ചറുകള്‍ മാത്രമായിരുന്നു. പണാപഹരണം വ്യക്തമായതോടെ ടി.ഇ.ഒ സുധാകരനെ സസ്പെന്റ് ചെയ്തു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചെങ്കിലും പ്രളയം കാരണം അത് നീണ്ടു പോയി. ഇതിനിടയില്‍ സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന്‍ ഉദ്യോഗിക പേര് ഉപയോഗിച്ച് രണ്ട് കത്തുകളിലൂടെ പദ്ധതിയുടെ തുക വിതരണം നടത്തുകയും പതിനൊന്ന് ലക്ഷത്തി 85000 രൂപ വിതരണം നടത്തിയതിന്റെ 321 വൌച്ചറുകള്‍ ഓഫീസിലെത്തിച്ചതായും പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. സമാനമായ രീതിയില്‍ ആദിവാസി മേഖലയിലെ ലൈഫ് മിഷന്‍ പദ്ധതിയിലും ക്രമക്കേട് അരങ്ങേറി. ഗുണഭോക്താക്കളുടെ പട്ടിക പഞ്ചായത്ത് തല കര്‍മ സമിതി അംഗീകരിച്ചതിന്റെ രേഖകള്‍ പോലും ഓഫീസിലില്ല. രജിസ്റ്ററുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കാതെയും മറ്റുമാണ് ക്രമക്കേടുകള്‍ അരങ്ങേറിയതെന്ന് അക്കമിട്ട് നിരത്തുന്നതാണ് പരിശോധനാ റിപോര്‍ട്ട്.