Kerala

വിചാരണ സ്‌റ്റേ ചെയ്യില്ല; നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍ക്ക് തിരിച്ചടി

നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യമാണ് കോടതി നിരസിച്ചത്. കുറ്റപത്രം വായിക്കുന്നത് തടയണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. വിചാരണാ കോടതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും തള്ളി.

വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, സി കെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വിചാരണം നേരിടണം. ഈ മാസം 14ന് പ്രതികള്‍ വിചാരണാ കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.

കേസ് ഇങ്ങനെ: ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്. 2015 മാര്‍ച്ച് 13നായിരുന്നു കെ.എം മാണിയുടെ ബജറ്റ് അവതരണം. കെ.എം മാണിയെ സഭയ്ക്ക് അകത്തും പുറത്തും തടയാന്‍ ഇടതുപക്ഷം തീരുമാനിച്ചു. കെ.എം മാണി നിയമസഭയിലെത്തിയതോടെ അപൂര്‍വമായ സംഭവങ്ങള്‍ക്കാണ് നിയമസഭ സാക്ഷിയായത്. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിനായി സ്പീക്കര്‍ ക്ഷണിക്കുന്നത് തടയാന്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കടന്നുകയറി.

ഡയസിലെ കമ്പ്യൂട്ടറുകളും കസേരകളും തകര്‍ത്തു. സ്പീക്കറുടെ കസേര വലിച്ച് താഴെയിട്ടു. ഇതിനിടയില്‍ കെ.എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.