Kerala

തോപ്പുംപടി ബിഒടി പാലത്തിലെ കുഴിയടയ്ക്കല്‍; കൈ കഴുകി ജിസിഡിഎയും പൊതുമരാമത്തും

തോപ്പുംപടി ബിഒടി പാലത്തില്‍ കുഴിയടയ്ക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി ജിസിഡിഎയും പൊതുമരാമത്തും. പാലം പൊതുമരാമത്തിന് കൈമാറിയെന്ന് പറഞ്ഞ് ജിസിഡിഎ ഒഴിഞ്ഞു മാറുമ്പോള്‍ പാലത്തിന്റെ പരിപാലനം കൈമാറിയിട്ടില്ലെന്നാണ് പൊതുമരാമത്തിന്റെ മറുപടി.

ബിഒടി പാലം പൊട്ടിപ്പൊളിഞ്ഞിട്ട് കാലം കുറച്ചായി. പാലത്തിന്റെ അറ്റകുറ്റപണിയ്ക്കായി സമീപിച്ചപ്പോള്‍ ജിസിഡിഎ പറയുന്നത് പാലം പൊതുമരാമത്തിന് കൈമാറിയെന്നാണ്. മാര്‍ച്ച് 15 ന് കൈമാറ്റ നടപടികള്‍ നടന്നതായും ജിസിഡിഎ രേഖാമൂലം അറിയിക്കുന്നു. പൊതുമരാമത്തുകാരെ സമീപിച്ചപ്പോള്‍ മറുപടി വിചിത്രമായിരുന്നു. പാലത്തിന്റെ പരിപാലനം ഇപ്പോഴും ജിസിഡിഎ തന്നെയാണെന്നും കൈമാറ്റം നടക്കാതെ ഫണ്ട് വകയിരുത്താനാകില്ലെന്നും അവര്‍ കൈ കഴുകി.

ഫോര്‍ട്ട്‌കൊച്ചി മട്ടാഞ്ചേരി പള്ളുരുത്തി ഭാഗത്തേക്ക് എറണാകുളത്തുനിന്നും ആശ്രയിക്കുന്ന പ്രധാന പാലത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അധികൃതരെ മാറിമാറി സമീപിക്കുകയാണ് നാട്ടുകാര്‍. കുഴിയടയ്ക്കുന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കുമുണ്ടെങ്കിലും കുഴിയില്‍ വീണ് നടുവൊടിയുന്നവര്‍ക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട.